Monday, June 15, 2009

സംവരണം: സ്റ്റഡി ക്ലാസ്സ്

ചില കൂതറ ബ്ലോഗുകളിലും മറ്റും സാമുദായിക സംവരണത്തിന് എതിരായി സ്റ്റാന്‍ഡേര്‍ടില്ലാത്ത പോസ്റ്റിട്ട് നമ്മുടെ സമുദായത്തിന്റെ വില കളയുന്നത് പലവട്ടം കണ്ടു ഞാന്‍ കുണ്ഡിതപ്പെട്ടാണ് ഈ സ്റ്റഡി ക്ലാസ്സ് ഇവിടെ നടത്തുന്നത്.


ആദ്യം കുറച്ച് ചരിത്രം

മാമലകള്‍ക്കിപ്പുറത്തുള്ള മലയാള മണ്ണില്‍, മലയാളി മെമ്മോറിയല്‍ മെമ്മോറാണ്ടം മൂലംതിരുന്നാള്‍ മഹാരാജാവിന്റെ മുന്നിലെത്തിച്ച് മാറ്റത്തിന്റെ മണി മുഴക്കത്തോടെ മറ്റത് മുന്നോട്ടെടുത്തത് മറ്റാരുമല്ലെന്ന് മറന്നുള്ള മരംകയറ്റം മര്യാദയാവില്ല. മറ്റതെന്ന് ഉദ്ദേശിച്ചത് സംവരണം തന്നെ, തെറ്റിദ്ധരിക്കേണ്ട. അക്കാലത്ത് പ്രബലരായിരുന്ന വിഭാഗക്കാര്‍‌ക്ക് ഒപ്പമെത്താന്‍ നമ്മുടെ സമുദായക്കാര്‍ക്ക് കൂട്ടി കൊടുക്കേണ്ട സാഹചര്യം വന്നു, അതായത് ഉദ്ദ്യോഗങ്ങളില്‍ നമ്മുടെ സമുദായത്തിന് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നുള്ളത് തന്നെയായിരുന്നു നമ്മുടെ ആവശ്യം. അങ്ങനെ ഇന്ത്യയില്‍ തന്നെ ആദ്യമായി കൊണ്ടു വന്ന സംവരണത്തിന്റെ ഗുണഭോക്താക്കളും നമ്മുടെ സമുദായം തന്നെയാണെന്നത് ഇപ്പോഴത്തെ മ..മ..മാന്യന്മാര്‍ക്ക് വല്ലതും അറിയാമോ?


അറിഞ്ഞിരിക്കേണ്ട പായിന്റുകള്‍.

നമ്മുക്ക് വേണ്ട പരിഗണന കിട്ടാതാകുമ്പോള്‍, പ്രാതിനിധ്യം കിട്ടിയില്ല അതു കൊണ്ട് നമ്മുക്ക് ജാതി സംവരണം വേണമെന്ന് വാദിക്കണം. നമ്മുടെ മേധാവിത്വം ആയിക്കഴിഞ്ഞാല്‍ പിന്നെ മറ്റവന്മാര്‍ ഇടിച്ചു കയറാതെ നോക്കണം. അപ്പോള്‍ നമ്മള്‍ പറയേണ്ടത് സംവരണമെന്നാല്‍ എല്ലാവരേയും അമ്പാനിമാരാക്കാനുള്ള വിദ്യയാണെന്നാണ്, അതെ സാമ്പത്തിക സമത്വം നേടാനുള്ള പരിപാടി ആണെന്ന്. (നമ്മുക്ക് ആധിപത്യം ഉണ്ടായിരുന്ന ദേവസ്വത്തിലും മറ്റും മറ്റവര് നുഴഞ്ഞ് കയറാന്‍ നോക്കിയപ്പോഴാണല്ലോ, അവരുമായുള്ള ഐക്യം ശരിയാവില്ല എന്ന് നമ്മള്‍ തീരുമാനിച്ചത്.) ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം വരുന്ന സര്‍ക്കാര്‍ ഉദ്ദ്യോഗങ്ങള്‍ വെച്ചല്ലേ സാമ്പത്തിക സമത്വം ഒ........ന്‍ പോകുന്നത് എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും നമ്മുക്ക് വേറെ എന്തെങ്കിലും മുരട്ട് വാദങ്ങള്‍ കണ്ടുപിടിക്കാം.

ഭരണഘടന പ്രകാരം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കമായിട്ടുള്ള ജനവിഭാഗങ്ങളെ (Socially and educationally backward classes) മുഖ്യ ധാരയില്‍ കൊണ്ടു വരാനുള്ള ഏര്‍പ്പാടാണെന്നും അതിനായിട്ടാണ് നിശ്ചിത ശതമാനം സീറ്റുകള്‍ മാറ്റി വയ്ക്കുന്നതെന്നും, സാമ്പത്തിക പരാധീനതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാമുദായിക പരിഗണനയില്ലാതെ തന്നെ ഫീസിളവും, സ്കോളര്‍ഷിപ്പും, ലോണുമെല്ലാം കിട്ടാന്‍ വകുപ്പുകളുണ്ടെന്നും ചിലര് പറയുന്നുണ്ടാവും. അതൊന്നും അറിഞ്ഞ ഭാവം കാണിക്കരുത്. ഇപ്പോഴുള്ള സംവരണം മൂലം നമ്മുടെ സമുദായം ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുകയാണെന്നും ചുമ്മാ പറഞ്ഞു കൊണ്ടിരിക്കുക. സര്‍ക്കാര്‍ ആഫീസ്സുകളിലും സ്ഥാപനങ്ങളിലും ഓരോ സമുദായത്തിന്റെയും പ്രാതിനിധ്യ കണക്കുകള്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നമ്മുടെ കള്ളി വെളിച്ചത്താവില്ലേ. അതു കൊണ്ട് അത്തരം കണക്കെടുപ്പുകള്‍ ജാതി സ്പര്‍ദ്ധയുണ്ടാക്കും എന്ന് പറഞ്ഞ് തലയൂരുക, അല്ലെങ്കില്‍ സംവരണം തുടങ്ങും മുമ്പ് തന്നെ സംവരണ ജാതികള്‍ക്ക് പ്രാതിനിധ്യം ഓവറായി എന്ന് വരുന്ന രീതിയിലുള്ള കണക്കുകള്‍ നമ്മുടെ ആള്‍‌ക്കാര്‍ മേല്‍ ഉദ്ദ്യോഗസ്ഥരായിരിക്കുന്ന (അല്ലാത്തത് എത്രയെണ്ണം വരും?) എല്ലാ സ്ഥാപനങ്ങളിലും തയ്യാറാക്കുക. ഇത് സൂക്ഷിച്ച് കൈകാര്യം ചെയ്യണം, അല്ലെങ്കില്‍ ‘നിങ്ങള്‍‌ക്ക് അത്രയ്ക്ക് നഷ്ടം സംഭവിച്ചു പോയെങ്കില്‍, ജനസംഖ്യാ അടിസ്ഥാനത്തില്‍ മൊത്തം സീറ്റും വിഭജിക്കാമെന്ന്‘ വല്ലവനും കയറി പറഞ്ഞാല്‍ തീര്‍ന്നില്ലേ - ഇപ്പോഴുള്ളതിന്റെ നാലില്‍ ഒന്ന് പോലും കിട്ടിയെന്ന് വരില്ല.

മുമ്പൊക്കെ സംവരണത്തെ എതിര്‍ക്കാന്‍ വേണ്ടി, സര്‍ക്കാരാഫീസുകളുടെയും മറ്റും കാര്യക്ഷമത കുറഞ്ഞ് പോകുമെന്ന് നമ്മള്‍ വാദിച്ചിരുന്നു. അപ്പോള്‍ അവന്മാര് ചോദിക്കുവാ, കേരളം പോലെ സംവരണം വിപുലമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിലാണോ വടക്കേ ഇന്ത്യയിലെ ആപ്പിസുകള്‍ക്കാണോ കാര്യക്ഷമതയെന്ന്. അതു പോലെ മാര്‍ക്ക് കുറഞ്ഞവര്‍‌ക്കൊക്കെ മെഡിസിനും ഇഞ്ചിനിയറിങ്ങിനും പ്രവേശനം കൊടുത്താല്‍, നാട്ടുകാരുടെ ആയുസ് കുറയില്ലേ എന്ന് ചോദിക്കുമായിരുന്നു. അതിന് അവരു ചോദിക്കുന്നത് പിന്നെ ക്വാളിഫയിങ്ങ് എക്സാം വച്ചിരിക്കുന്നത്, കൊല്ലത്തെ ആ അണ്ടി മുതലാളി ചോദിച്ച അതേ ഡാഷിന് ആണോ എന്ന് (തന്നെ വിസ്തരിച്ച വക്കിലിനോട്, “കാട്ടണ്‍ മില്ലില് ഊത്ത് വെച്ചേക്കുന്നത് പിന്നെ ------ ന് ആണോ“ എന്ന് ചോദിച്ചത്). അത് കൂടാതെ മാനേജ്മെന്റ് ക്വോട്ടയില്‍ പഠിക്കുന്നവരെ ഏത് കോ......ല്‌ പെടുത്തുമെന്ന്. അതു കൊണ്ട് ആ രീതിയില്‍ നമ്മള്‍ ഇനി ചോദിക്കേണ്ടതില്ല. അതുമല്ല, അങ്ങനെ വരുമ്പോള്‍ തലമുറകളായി വിദ്യാഭ്യാസമുള്ള നമ്മുടെ പിള്ളേര്‍ക്ക് ഒപ്പം ആ വിഭാഗങ്ങളിലുള്ള പിള്ളേര്‍ക്ക് മാര്‍‌ക്ക് അല്ലെങ്കില്‍ മെരിറ്റ് ഉണ്ടാകാറില്ല എന്ന്‍ സമ്മതിക്കുന്നത് പോലെയാവും. അതുമല്ല കാലം മാറിയില്ലേ, എല്ലാം നമ്മുക്ക് തന്നെ വേണമെന്നുള്ള മാടമ്പി സ്റ്റൈല്‍ ഇനി വില പോവില്ല.

സമുദായ സംവരണം നടപ്പാക്കിയ അന്ന് തെട്ടാണ് സമൂഹത്തില്‍ ജാതിചിന്ത വളരാന്‍ ഇടയായതെന്ന് വാദിക്കണം. കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞതും, ചാന്നാര്‍ ലഹള അല്ലെങ്കില്‍ മേല്‍മുണ്ട് കലാപം എന്നൊക്കെയുള്ളത് സ്പീല്‍ ബെര്‍ഗിന്റെ സിനിമയ്ക്ക് വേണ്ടി രഞ്ജി പണിക്കര്‍ എഴുതിയ ഡയലോഗിന്റെ ഭാഗമാണെന്ന് വരുത്തണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമുദായ സംവരണം കാര്യമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ജാതിചിന്ത കുറവ് വടക്കേ ഇന്ത്യയിലാണെന്ന് നമ്മള്‍ ജനങ്ങളെ ധരിപ്പിക്കണം. അവിടങ്ങളില്‍ പൊലീസിലെല്ലാം മെരിറ്റ് ഉള്ളവര്‍ മാത്രമുള്ളത് കൊണ്ട് വളരെ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് എടുത്ത് പറയണം.

മറ്റവന്മാരുടെ ഗുരു (വിശ്വമാനവികതയുടെ ഗുരുവെന്നൊക്കെ ചിലര്‍ പറയും, നമ്മളത് വകവെച്ചു കൊടുക്കരുത്) നമ്മുടെ സ്വാമിയുടെ കൂടെ പഠിച്ചിട്ടുണ്ട് എന്ന് പറയുന്നത് ശരിയല്ലെന്നും, മറിച്ച് നമ്മുടെ സ്വാമിയുടെ ശിഷ്യനായിരുന്നുവെന്ന് പറഞ്ഞ് അവരെ തലക്കടിച്ച് ഇരുത്തണം. നമ്മളൊരിക്കലും അവരെക്കാള്‍ മോശമാണെന്ന് വരരുത്. മറ്റവര് പന്നിപെറ്റ മക്കളാണെന്നു വിശേഷിപ്പിച്ച നമ്മുടെ നേതാവും നമ്മുടെ സ്വാമിയും മാത്രമാണ് യഥാര്‍ത്ഥ സാമൂഹിക പരിഷ്കര്‍ത്താക്കളെന്ന് സമര്‍ത്ഥിക്കണം. അവരുടെ വായ് അടപ്പിക്കാന്‍ വേണ്ടി, ‘ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്’ എന്ന ആ ഗുരുവിന്റെ വാചകം ഓര്‍മ്മിപ്പിക്കുക. സമൂഹത്തില്‍ നിന്ന് ജാതി ഉന്മൂലനം ചെയ്യുവാന്‍ മിശ്രഭോജനവും, മിശ്രവിവാഹവുമൊക്കെ നടത്താന്‍ ഗുരു ഉപദേശിച്ചിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞേക്കും. ഒന്നുകില്‍ അത് കേള്‍ക്കാത്തത് പോലെ പൊട്ടന്‍ കളിക്കുക, അല്ലെങ്കില്‍ അതൊക്കെ പേഴ്സണല്‍ മാറ്റേര്‍സ് അല്ലേടൊ ഊവേ എന്ന് (ലാലു അലക്സ് സ്റ്റയിലില്‍) പറഞ്ഞ് ഒഴിഞ്ഞു മാറുക.

SSLC ബുക്കില്‍ ജാതി എന്ന പേരില്‍ ഒരു കോളം വച്ചിരിക്കുന്നതാണ് ഏറ്റവും വലിയ സാമൂഹിക വിപത്തെന്നും, അങ്ങനെയാണ് കുട്ടികളില്‍ ജാതി വളരുന്നത് എന്നും സ്ഥാപിക്കണം. പകരം പേരിന്റെ വാലായി ജാതിപ്പേര്‍ വച്ചു കഴിഞ്ഞാല്‍ എത്ര സുന്ദരം. അതായത് പേരിന്റെ വാല് ഉണ്ടെങ്കില്‍ ആ വ്യക്തി നമ്മുടെ തനത് കലകളില്‍ പ്രാവീണ്യം ഉള്ള ആളാണോ അല്ലയോ എന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയും. നമ്മുടെ സമുദായ അംഗങ്ങള്‍ തന്നെ വാലു വച്ചിട്ടില്ലെങ്കില്‍, അവര്‍‌ നമ്മുടെ പാരമ്പര്യ കലകളില്‍ ഊറ്റം കൊള്ളുന്നവരല്ലെന്ന് ഏത് പണിക്കാര്‍ക്കും മനസ്സിലാകും. പറഞ്ഞ് വന്നത്, പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ സംവരണത്തിലൂടെ നമ്മുടെ പിള്ളേര്‍ക്കൊപ്പം പഠിക്കുമ്പോള്‍ / ജോലി ചെയ്യുമ്പോള്‍ പിന്നെ പ്രേമമായി, മിശ്രവിവാഹം പോലുള്ള പുകിലുളായി, അങ്ങനെ ഒരു സ്ഥിതി വിശേഷം വന്നാല്‍ നമ്മുടെ തനതു കലകളുടെ കാര്യം അവതാളത്തിലാവില്ലേ? മിശ്രവിവാഹം വഴി ജാതി നശിക്കുമെന്നുള്ള പ്രചരണം തെറ്റാണെന്ന് വരുത്തണം. നമ്മുടെ പിള്ളേര്‍ കെട്ടിക്കൊണ്ട് വരുന്നവര്‍ക്ക് തനതു കലകളില്‍ പ്രവീണ്യമുണ്ടോ എന്നറിയാന്‍ SSLC ബുക്ക് വാങ്ങി ജാതി കോളം നോക്കേണ്ടി വരുമ്പോള്‍, ജാതി ചിന്ത വളര്‍ത്തില്ലേ?

ഇത് കൊണ്ട് തന്നെയാണ് മന്ത്രിസഭയില്‍ അംഗത്വം കൊടുത്ത ആളിനെ സമുദായത്തിന്റെ കണക്കില്‍ പെടുത്താന്‍ പറ്റില്ല എന്ന് പറഞ്ഞത്. അങ്ങേര്‍ക്ക് പേരില്‍ ജാതി വാലില്ല്, മക്കള്‍‌ക്കും വാലുവച്ചില്ല, പിന്നെ എങ്ങനെ സമുദായത്തിന്റെ കണക്കില്‍ പെടുത്തുന്നത്? മുന്‍പ് ഉണ്ടായിരുന്ന കുമാരനെ പോലെ തനതു കലകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കുകയാണെങ്കില്‍ വാലില്ലെങ്കിലും നമ്മുക്ക് പരിഗണിക്കാം. ഇവിടെയാണ് നമ്മുടെ സമപ്രീണന നയത്തിന്റെ പ്രസക്തി. ആരു ഭരിച്ചാലും നമ്മുടെ പങ്ക് നമ്മുക്ക് കിട്ടുമെന്ന് ഉറപ്പാക്കാം.

സാമ്പത്തിക സംവരണം കൊണ്ട് നമ്മുക്ക് എന്ത് ഗുണമുണ്ടാകും എന്ന് ചോദിച്ചാല്‍, നമ്മുക്കല്ലേ ഗുണമുള്ളു. സമുദായ സംവരണത്തിന് വിഭാഗം തിരിച്ചുള്ള ലിസ്റ്റുകളില്‍ പലതിലും യോഗ്യതയുള്ളവരെ കിട്ടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുമ്പോള്‍, സാമുദായിക സംവരണം എടുത്ത കളഞ്ഞിട്ട് സാമ്പത്തിക സംവരണം ആക്കുകയാണെങ്കില്‍ വിദ്യാഭ്യാസ നിലവാരത്തില്‍ മെച്ചപ്പെട്ട് നില്‍ക്കുന്ന നമ്മുക്കല്ലേ അതിന്റെ ഗുണം - അതായത് സംവരണം മാറി നമ്മുക്കത് സംഭരണം ആവില്ലേ. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ നമ്മുക്ക് ആ ഉറപ്പുള്ളത് കൊണ്ടാണല്ലോ, ആദ്യമൊക്കെ ‘മെരിറ്റി‘ല്‍ പിടിച്ച് കളിച്ചത്.

പലരും ചോദിക്കുന്നത് ക്രീമിലേയര്‍ ഒഴിവാക്കുന്നത് കൊണ്ട് നമ്മുക്കെന്ത് ഗുണം, ഓപ്പണ്‍ മെരിറ്റില്‍ ക്രീമിലേയര്‍ നമ്മുക്ക് തന്നെ പാരയാവില്ലേ എന്ന്. നാല് പുത്തന്‍ ഉണ്ടെന്ന് വെച്ച് ഇരുട്ടി വെളുക്കുമ്പോള്‍ ഓപ്പണ്‍ മെരിറ്റില്‍ അവനൊന്നും കയറി കളിക്കാനൊക്കില്ല. നാലും മൂന്നും ഏഴു വരുന്ന അവരുടെ ലിസ്റ്റില്‍ നിന്ന് അഞ്ചെണ്ണതിനെ ഒഴിവാക്കിയാല്‍ അത്രയും നമ്മുക്ക് നല്ലത്. സംവരണത്തിന്റെ തോത് 50% ത്തില്‍ കൂടരുതെന്നാണെങ്കില്‍, അതിനെ നമ്മുക്ക് വ്യാഖ്യാനിച്ച് സംവരണ സമുദായ അംഗങ്ങള്‍ ഒരിക്കലും 50% ത്തില്‍ കൂടാതെ നോക്കണം.

ഇപ്പോള്‍ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള സവര്‍ണ്ണര്‍ക്ക്‌ 10 ശതമാനം തൊഴില്‍സംവരണം വേണമെന്ന് വാദിക്കുന്നതോ? കുളം കലക്കിയുള്ള മീനപിടിത്തം, അല്ലാതെന്താണ്. മൊത്തം സംവരണത്തിന്റെ തോത് 50% ത്തില്‍ നിര്‍ത്തണമെങ്കില്‍, ഈ 10% എവിടെ നിന്നു വരും? ആലോചിച്ചു നോക്കു. എങ്ങനെയുണ്ട് നമ്മുടെ പുത്തി. ബെന്‍സും പ്രാഡോയുമൊക്കെയുള്ള മുതലാളിമാരുടെ മക്കളാണ് അല്ലെങ്കില്‍ മൊതലാളിമാരണ് ഇപ്പോള്‍ സംവരണ സീറ്റുകള്‍ അത്രയും അടിച്ചോണ്ട് പോകുന്നത് എന്ന് നമ്മള്‍ പറഞ്ഞു കൊണ്ടേയിരിക്കുക. പാവപ്പെട്ട അര്‍ഹതയുള്ള താഴ്ന്ന ജാതിയില്‍ പെട്ടവരുടെ കഞ്ഞിയില്‍ ആണ് ഈ മൊതലാളിമാര്‍ പാറ്റ ഇടുന്നത് എന്ന് പറഞ്ഞ് നമ്മള്‍ മൂക്കു പിഴിഞ്ഞ് കരഞ്ഞ് കാണിക്കണം.

ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ ഒഴികെ ആരും സംവരണം ആവശ്യപ്പെടുന്നില്ലെങ്കില്‍, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

18 comments:

പാര്‍ത്ഥന്‍ said...

പാച്ചോറ്റിൽ തുപ്പുമ്പോൾ പാറ്റി പരത്തി തുപ്പണം.

അങ്ങനത്തന്നെ കോരപ്പമാമ.
അതൊ,
അങ്ങനത്തന്നെ മൊയലാളി.
അതു മതി. മൊതലാളിമാരാണല്ലോ ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്.

Chau Han said...

വരവ് വച്ചിരിക്കുന്നു, മൊതലാളീ.

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

കലക്കി അഭിനന്ദനങ്ങള്‍ !!സ്റ്റഡിക്ലാസ്സിലേയ്ക്ക് കുറച്ച് പാവപ്പെട്ട നായന്മാരെ പറഞ്ഞു വിടുന്നുണ്ട്. ദയവായി ഫീസൊന്നും വാങ്ങരുത്. ജാതിസംവരണം നടപ്പിലാക്കിയ അന്നുമുതല്‍ പട്ടിണിയിലായിപ്പോയവരാണ്.
കുറച്ച് പാവങ്ങള്‍ ദേവസ്വത്തിലും മറ്റുമിരുന്ന് പടച്ചോറുണ്ട് കഴിഞ്ഞുപോകുന്നു. അവര്‍ണ്ണന്മാര്‍ അവിടേയും ചെന്ന് പങ്ക് ചോദിച്ച് അവരെ മുഴുപ്പട്ടിണിയില്‍ ആക്കുമെന്ന് തോന്നുന്നു.അവര്‍ണ്ണന്മാരെക്കൊണ്ട് തങ്ങള്‍ക്ക് സംവരണം വേണ്ടെന്ന് പറയിക്കാനുള്ള മന്ത്രാദികള്‍ ഉണ്ടെങ്കില്‍ ഉപദേശിച്ചുവിടണം.കൂതറയില്‍ ഇപ്പോള്‍ അതിനുള്ള യാഗയജ്ഞാദികള്‍,നമ്പൂരിമാരെ മഷിയിട്ടുനോക്കിയാല്‍ കിട്ടാനില്ലാത്തതുകോണ്ട്, ശൂദ്രാണികള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്.
ദയവായി സഹായിക്കുക.

chithrakaran:ചിത്രകാരന്‍ said...

നന്നായിരിക്കുന്നു :)

ചാർ‌വാകൻ‌ said...

താമസ്സിച്ചതില്‍ മാപ്പാക്കി ക്ളാസ്സില്‍ കയറ്റണം .
ശരിക്കും ,പൊട്ടന്‍കളി തന്നേ,ഞാനാലോചിക്കുവാ ഇവിടുത്തെ നായന്മാര്‍
എത്ര നീതിബോധമുള്ളവരാ.പിന്നോക്കത്തിലെ പാവങ്ങള്‍ക്കുവേണ്ടി,സുപ്രീകോടതി വരെകേസ്സുപറയുന്നു.
ജാതിശാപം തിര്‍ക്കാന്‍ ഗുരുനാമം ഉരുക്കഴിച്ചുകൊണ്ടേയിരിക്കുന്നു.
സര്‍ട്ടിഫിക്കറ്റിലെ ആ ജാതിപേരില്‍ അഭിമാനക്ഷതമുണ്ടാകാതിരിക്കാന്‍ അതൊന്നു വെട്ടികളയാന്‍പാടൂപെടുന്നു.ഭരണഘടനയില്‍ ഒരുപാടു വേണ്ടാത്തതുണ്ട്
പക്ഷേ ഒരു പ്രശ്നം ​പാര്‍മെന്റില്‍ മൂന്നില്‍രണ്ടു വേണം .അതിനുവേണ്ടി നീതി-
ബോധമുള്ള പിന്നൊക്കകാരേയും കൂട്ടി നമ്മുടെ ഹിന്ദുമതം ഉഷാറാക്കണം ​
ചരിത്രവും മണ്ണങ്കട്ടയും പറയുന്നവനേ നാറ്റിക്കാന്‍നോക്കണം .
ഒരുകാര്യം വിട്ടുകളയരുത്,ത്രേതായുഗ്ഗത്തില്‍ നമ്മുടെ ഭഗവാന്‍ ജനിച്ച ആമണ്ണുണ്ടല്ലോ അതീന്ന് ഒരടി പുറകോട്ടില്ല.
നമ്മുടെ പെണ്ണുമ്പിള്ളമാരുടെ യോനിയില്‍ പിറന്നത് നീചരാണന്ന് നമ്പൂരിമാര്‍
പറഞ്ഞെങ്കിലും ,അവരെവെച്ചുതന്നെ ആകശ്മലന്മാരുടെ കഥകഴിച്ചില്ലെ..?
ഇപ്പം നമ്മളാണ്‍ എല്ലാം .

ചാർ‌വാകൻ‌ said...

താമസ്സിച്ചതില്‍ മാപ്പാക്കി ക്ളാസ്സില്‍ കയറ്റണം .
ശരിക്കും ,പൊട്ടന്‍കളി തന്നേ,ഞാനാലോചിക്കുവാ ഇവിടുത്തെ നായന്മാര്‍
എത്ര നീതിബോധമുള്ളവരാ.പിന്നോക്കത്തിലെ പാവങ്ങള്‍ക്കുവേണ്ടി,സുപ്രീകോടതി വരെകേസ്സുപറയുന്നു.
ജാതിശാപം തിര്‍ക്കാന്‍ ഗുരുനാമം ഉരുക്കഴിച്ചുകൊണ്ടേയിരിക്കുന്നു.
സര്‍ട്ടിഫിക്കറ്റിലെ ആ ജാതിപേരില്‍ അഭിമാനക്ഷതമുണ്ടാകാതിരിക്കാന്‍ അതൊന്നു വെട്ടികളയാന്‍പാടൂപെടുന്നു.ഭരണഘടനയില്‍ ഒരുപാടു വേണ്ടാത്തതുണ്ട്
പക്ഷേ ഒരു പ്രശ്നം ​പാര്‍മെന്റില്‍ മൂന്നില്‍രണ്ടു വേണം .അതിനുവേണ്ടി നീതി-
ബോധമുള്ള പിന്നൊക്കകാരേയും കൂട്ടി നമ്മുടെ ഹിന്ദുമതം ഉഷാറാക്കണം ​
ചരിത്രവും മണ്ണങ്കട്ടയും പറയുന്നവനേ നാറ്റിക്കാന്‍നോക്കണം .
ഒരുകാര്യം വിട്ടുകളയരുത്,ത്രേതായുഗ്ഗത്തില്‍ നമ്മുടെ ഭഗവാന്‍ ജനിച്ച ആമണ്ണുണ്ടല്ലോ അതീന്ന് ഒരടി പുറകോട്ടില്ല.
നമ്മുടെ പെണ്ണുമ്പിള്ളമാരുടെ യോനിയില്‍ പിറന്നത് നീചരാണന്ന് നമ്പൂരിമാര്‍
പറഞ്ഞെങ്കിലും ,അവരെവെച്ചുതന്നെ ആകശ്മലന്മാരുടെ കഥകഴിച്ചില്ലെ..?
ഇപ്പം നമ്മളാണ്‍ എല്ലാം .

Chau Han said...

എന്റെ അലക്ക്, സോറി ക്ലാസ്സ് ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചവര്‍ക്ക് നന്ദി.

ക്ലാസ്സില്‍ വന്നവര്‍ പലരും ഹാജര്‍ രേഖപ്പെടുത്താതെ തിരിച്ചു പോയി എന്ന് കാണുന്നതില്‍ ഖേദിക്കുന്നു.

രാജവെംബാല said...

എന്നെക്കൂടി ഈ ക്ലാസ്സില്‍ ചേര്‍ക്കാമൊ? പിന്‍ബെഞ്ചില്‍ മൂലയ്ക്കിരുന്നു പടിച്ചോളാം.

Suraj said...

ഇച്ചിരെ താമസിച്ചുപോയി മാഷേ. മഴയാരുന്നു, കുടയെടുത്തില്ല. മൊയലാളിമാരെക്ക നേരത്തേ വന്നൂട്ടല്ല്.
ഞാനും കൂട ല്ല മൂലയ്ക്ക് ഇരിക്കട്ടോ ?

Chau Han said...

മൂലയ്ക്ക് ഇരുത്തുന്ന പരിപാടികള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഈ ക്ലാസ്സ് ഇവിടെ നടത്തുന്നതെന്ന് പഠിക്കാന്‍ വരുന്നവര്‍ ദയവായി മനസ്സിലാക്കുക. :)

കെ said...

തലവരി തരാം, സ്വാശ്രയ ഫീസും തരാം... മ്മക്കും കൂടി ഒരു സീറ്റ്...............

nalan::നളന്‍ said...

ഇങ്ങളു ചോവനാണല്ലേ (അല്ലാണ്ടാരെങ്കിലും സംവരണത്തെ അനുകൂലിക്കുമോ) !!
ഞാനിത്രയും നാളു കരിതീയത് ... ! ച്ഛേ !

Jijo said...

ക്രിസ്ത്യാനികള്‍ക്ക്‌ ഈ ക്ലാസ്സില്‍ പ്രവേശനമുണ്ടോ ആവോ? ഉണ്ടെങ്കില്‍ ഒരു മൂലക്കിരുന്നോളാം. ഉച്ചക്കഞി മാത്രം മതി.

Jijo said...

ശ്ശെ! കമന്റിടാന്‍ തുടങ്ങുമ്പോള്‍ ഇത്രയും പേര്‍ മൂലക്കിരിക്കാന്‍ വന്നിട്ടില്ലായിരുന്നു. ഇതിപ്പോ എല്ലാര്‍ക്കും മൂലയ്ക്കലിത്തെ ബഞ്ച് മതി. മൂഡ് ഔട്ട് ആയി ഇരിക്കേണ്ടി വരുമോ?

സംവരണം എന്തിനെന്നു മനസ്സിലാക്കാന്‍ ഇവിടെ ഒന്നു പോയി നോക്കുന്നത് നല്ലതാ.

Chau Han said...

തലവരി മുതലാളിമാര്‍ക്ക് പ്രവേശനമില്ല. :)

ആരാ അവിടെ ജാതിയും മതവുമൊക്കെ പറഞ്ഞ് ജാതിസ്പര്‍ദ്ധ ഉണ്ടാക്കാന്‍ നോക്കുന്നത്. പോങ്ങുമ്മൂട്ടില്‍ നടന്ന നമ്മുടെ ബൂലോക കുര, സോറി സമ്മേളനത്തില്‍ പങ്കെടുത്തിട്ട് വന്നവരായിരിക്കും, അല്ലേ? :)

അനോണി ആന്റണി said...

ഹാജര്‍ സാര്‍. താമസിച്ചു വന്നേന്‌ അടി കിട്ടുവോ?

Chau Han said...

താമസിച്ചത് ഫസ്റ്റ് ടൈമായത് കൊണ്ട് ലാസ്റ്റ് വാണിങ്ങില്‍ ഒതുക്കാം. :)